ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി (Smriti Irani). തിരഞ്ഞെടുപ്പിൽ യുപിയിലെ അമേഠി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ കാലതാമസം വരുത്തിയതിനെ കുറിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പാർട്ടി ഇത്രയും സമയമെടുക്കുന്നു എന്നത് കോൺഗ്രസിൻ്റെ രാഷ്ട്രീയത്തിന് വിചിത്രമായ കാഴ്ചയാണെന്ന് സമൃതി ഇറാനി പറഞ്ഞു.
ഇത് കോൺഗ്രസിൻ്റെ പരാജയത്തിൻ്റെ സൂചനയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമേഠിയിൽ 206 കോടി രൂപയുടെ 281 പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
2019 ലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി അമേഠിയിൽ പരാജയപ്പെടുത്തിയിരുന്നു. ഈ വർഷവും സ്മൃതി ഇറാനി അമേഠിയിൽ നിന്ന് വീണ്ടും മത്സരിക്കുന്നുണ്ട്. 1967 മുതൽ അമേഠി കോൺഗ്രസിന്റെ കോട്ടയായിരുന്നു. എന്നാൽ 2019ലെ തിരഞ്ഞെടുപ്പിൽ ആ കോട്ട ബിജെപി പിടിച്ചെടുത്തത് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു. ഇറാനിയോട് പരാജയപ്പെടുന്നതിന് മുമ്പ് രാഹുൽ ഗാന്ധി തുടർച്ചയായി മൂന്ന് തവണ സീറ്റ് നേടിയിരുന്നു.

