ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിലെ പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടന്നു കൊണ്ട് AI- ഭാഷാ വിവർത്തന സംവിധാനമായ ‘ഭാഷിണി’ പ്ലാറ്റ്ഫോമിലെ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ- ഭാരത് വി സി – അടക്കം ഇത്തവണ ലോക് സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായത്തിനായെത്തും.
വോട്ടർമാരുടെ മാതൃഭാഷകളിലേക്ക് എഐ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമെത്തിക്കുകയാണു ലക്ഷ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ BJP ക്ക് കാര്യമായ പ്രകടനം നടത്താൻ കഴിയാതിരുന്ന സംസ്ഥാനങ്ങളിലാകും എഐ കൂടുതൽ ഉപയോഗിക്കുക. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ ഭാഷാ വിവർത്തന സംവിധാനമായ ഭാഷിണി ഉപയോഗിച്ച് കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഒഡിയ, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിലേക്കു തത്സമയം വിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങികഴിഞ്ഞു.
മറ്റ് ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവരോട് സംസാരിക്കുമ്പോൾ സ്വന്തം ഭാഷയിൽ സംസാരിക്കാൻ ആളുകളെ പ്രാപ്തരാക്കുന്ന AI-യുടെ ഭാഷാ വിവർത്തന സംവിധാനമാണ് ‘ഭാഷിണി’.
ഇന്ത്യൻ ഭാഷകളിൽ സൗകര്യപ്രദമായ ഇൻ്റർനെറ്റ്, ഡിജിറ്റൽ സേവന ലഭ്യത സുഗമമാക്കുക, വിവിധ ഭാഷകളിലേക്ക് വോയ്‌സ് അധിഷ്‌ഠിത ആക്‌സസ് ഉൾപ്പെടുത്തുക, ഈ ഭാഷകളിലെ ഉള്ളടക്കത്തിൻ്റെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം.
ഡിസംബറിൽ വാരണാസിയിലെ കാശി തമിഴ് സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ തത്സമയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വിവർത്തന ഉപകരണം ഉപയോഗിച്ചു. തമിഴ് മനസ്സിലാവുന്ന പ്രേക്ഷകർക്കായി ‘ഭാഷിണി’യിലൂടെയാണ് ഇത് ചെയ്തത്. ഇതേ മാതൃകയിൽ തെരഞ്ഞെടുപ്പ് വേദികളിൽ അവിടത്തെ ഭാഷകളിൽ ജനത്തെ അഭിസംബോധന ചെയ്യുകയാണ് ലക്ഷ്യം.
Discussion about this post