തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം ഉറപ്പ് നൽകിയെന്ന് പിതാവ് ജയപ്രകാശ്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപ്പിച്ചതിന്റെ ഭാഗമായാണ് നടപടി.
സിദ്ധാർഥന്റെ പിതാവ് ജയപ്രകാശും അമ്മാവൻ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദർശിച്ചത്. തുടർന്ന് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സന്ദർശന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയപ്രകാശ്.
സിദ്ധാർഥന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചെന്നും മരിച്ചതല്ല കൊന്നതാണെന്ന് തുറന്നു പറഞ്ഞതായും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് വ്യക്തമാക്കി
അസിസ്റ്റന്റ് വാർഡനേയും ഡീനിനേയും സസ്‌പെൻഡ് ചെയ്താൽ മാത്രം പോരാ, ഇരുവരെയും പുറത്താക്കി സർവീസിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണം. 2019-ന് ശേഷം സർവകലാശാലയിൽ നടന്ന എല്ലാ ആത്മഹത്യകളും അപകടമരണങ്ങളും അന്വേഷിക്കണമെന്നും. പ്രതികളെ കൊലക്കുറ്റത്തിന് പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ടതായി ജയപ്രകാശ് പറഞ്ഞു.
Discussion about this post