ഇറ്റാനഗര്‍: ലോകത്തെ ഏറ്റവും നീളം കൂടി ബൈ ലെയിന്‍ ടണല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 825 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മ്മിച്ചിട്ടുള്ളത്. 2019 ഫെബ്രുവരിയിൽ മോദി തറക്കല്ലിട്ട പദ്ധതിയാണിത്. അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാനമായ സെല ടണലിന്റെ ഉദ്ഘാടനമാണ് മോദി നിര്‍വഹിച്ചത്. ടണല്‍ ഒന്നിന് 980 മീറ്റര്‍ നീളമുണ്ട്.ടണല്‍ രണ്ടിന് 1555 മീറ്ററാണ് നീളം.
പടിഞ്ഞാറന്‍ കാമെങ് ജില്ലയില്‍ 13,700 അടി ഉയരത്തില്‍ തേസ്പൂരിനെ തവാങ്ങുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രണ്ടു തുരങ്കപാതകളും ഒരു ലിങ്ക് റോഡും ഉള്‍പ്പെടുന്നതാണ് സെല പദ്ധതി.
കൂടാതെ ടണല്‍ രണ്ടിൽ ഗതാഗതത്തിനും അടിയന്തര സേവനങ്ങള്‍ക്കും ഒരു ബൈ ലെയിന്‍ കൂടെ നിർമ്മിച്ചിട്ടുണ്ട്.രണ്ടു ടണലുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ലിങ്ക് റോഡിന് 1200 മീറ്ററാണ് ദൂരം. ഏത് കാലാവസ്ഥയിലും തന്ത്രപ്രധാനമായ തവാങ് മേഖലയുമായുള്ള കണക്ടിവിറ്റി ഉറപ്പാക്കുന്ന തരത്തിലാണ് ടണലിന്റെ നിര്‍മ്മാണം. എന്‍ജിനീയറിങ് അത്ഭുതം എന്ന തരത്തിലാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

