സൊമാറ്റോ തങ്ങളുടെ വനിതാ ഡെലിവറി പങ്കാളികൾക്ക് യൂണിഫോമായി ഇനി കുർത്തയും. യൂണിഫോമിൻ്റെ ഭാഗമായി സൊമാറ്റോ ടി-ഷർട്ടുകൾക്ക് പകരം കുർത്തകൾ ധരിക്കാനുള്ള ഓപ്ഷനും നൽകിയതായി കമ്പനി അറിയിച്ചു. പാശ്ചാത്യ ശൈലിയിലുള്ള ടീ-ഷർട്ടുകളിൽ ധരിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച നിരവധി വനിതാ ജീവനക്കാരുടെ അഭിപ്രായം മാനിച്ചാണ് തങ്ങളുടെ പുതിയ തീരുമാനമെന്ന് സൊമാറ്റോ വ്യക്തമാക്കി.
നിരവധി സൊമാറ്റോ ഡെലിവറി സ്ത്രീകൾ കമ്പനി നൽകുന്ന പുതിയ കുർത്തകൾ യൂണിഫോമായി നൽകിയതിൽ തങ്ങളുടെ സന്തോഷം പങ്കുവെയ്ക്കുന്ന വീഡിയോ സൊമാറ്റോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.”പല സ്ത്രീ ഡെലിവറി പങ്കാളികളും പാശ്ചാത്യ ശൈലിയിലുള്ള സൊമാറ്റോ ടീ-ഷർട്ടുകളിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. അതിനാൽ, ഞങ്ങൾ അവർക്ക് ഒരു ചോയ്‌സ് നൽകി,” എന്ന കുറിപ്പോടെയാണ് സൊമാറ്റോ വീഡിയോ പങ്കുവച്ചത്.
കമ്പനിയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. സ്ത്രീകളുടെ താൽപ്പര്യത്തിന് ഇടം നൽകിയതിനെ പ്രശംസിച്ചാണ് കൂടുതൽ കമൻ്റുകളും.

