കൊല്ലം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാര നീക്കത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് സിഐടിയു. ഡ്രൈവിങ് ടെസ്റ്റ് സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്ന മന്ത്രി കുത്തകകൾക്ക് പരവതാനി വിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കൺവെഷനിൽ (സിഐടിയു) വിമർശനമുയർന്നത്.
ഡ്രൈവിങ് സ്‌കൂൾ സംവിധാനം തകർക്കുന്ന ഗതാഗതമന്ത്രിയുടെ പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂണിയൻ വർക്കിങ് പ്രസിഡന്റും സിഐടിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ കെ ദിവാകരൻ പറഞ്ഞു. ഭരണകക്ഷി യൂണിയനായിട്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്നും ദിവാകരൻ വിമർശിച്ചു.
കേരളത്തിൽ കൃത്യമായി നടന്നുകൊണ്ടിരിക്കുന്ന ഡ്രൈവിങ് ടെസ്റ്റിനെ സമൂഹത്തിൽ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നത് മന്ത്രിയാണെന്നും ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ വന്നതോടെയാണ് ഈ പ്രചാരണങ്ങളെല്ലാം നടക്കുന്നതെന്നും കൺവെൻഷൻ ആരോപിച്ചിരുന്നു. മന്ത്രിക്കെതിരെ പ്രത്യക്ഷ സമര പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. മാർച്ച് 20ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നാണ് ആവശ്യം.
Discussion about this post