കണ്ണൂർ: തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. രാവിലെ 11 മണിക്ക് ഓൺലൈൻ ആയിട്ടാണ് ഉദ്‌ഘാടനം. മന്ത്രി മുഹമ്മദ് റിയാസ്, സ്‌പീക്കർ എ എൻ ഷംസീർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കെടുക്കും.
തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളിൽ കയറാതെ കണ്ണൂരിൽ നിന്ന് കോഴിക്കോട് അഴിയൂരിൽ എത്തുന്ന ആറുവരി ബൈപ്പാസാണിത്.
നീണ്ട 47 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈപ്പാസ് യാഥാർത്ഥ്യമാകുന്നത്. 1977ലാണ് സ്ഥലമെടുപ്പ് ആരംഭിച്ചത്. മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ എത്തിച്ചേരുന്നത്.
45 മീറ്റർ വീതിയിലും 18.6 കിലോമീറ്റർ നീളത്തിലുമാണ് ബൈപാസ് നിമ്മിച്ചിരിക്കുന്നത്. ഒരു ഓവർ ബ്രിഡ്ജ്, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുമുണ്ട്. രാവിലെ എട്ട് മണിമുതൽ തന്നെ ബൈപ്പാസിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് ടോൾ പിരിച്ചുതുടങ്ങിയിരുന്നു. കാർ, ജീപ്പടക്കം വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 65 രൂപയും ബസിന് 225 രൂപയുമാണ് ടോൾ നിരക്ക്.

