ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും രണ്ടാമത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ചേരും. തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇരുപാര്‍ട്ടികളും അംഗീകാരം നല്‍കും. ഇന്ന് വൈകീട്ട് ഇരുപാര്‍ട്ടികളുടെയും പാര്‍ട്ടി ആസ്ഥാനങ്ങളിലാണ് യോഗം ചേരുന്നത്.
ആദ്യ പട്ടികയില്‍ ബിജെപിയുടെ 195 സീറ്റുകളിലേക്കും, കോണ്‍ഗ്രസ് 39 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. രണ്ട് പാര്‍ട്ടികളുടെയും ആദ്യ പട്ടികയില്‍ കേരളം ഉൾപ്പെട്ടിരുന്നു. വൈകീട്ട് ആറ് മണിയോടെയാവും ബിജെപി യോഗം ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയും യോഗത്തിന് നേതൃത്വം നല്‍കും. മഹാരാഷ്ട്ര, ബിഹാര്‍, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഹരിയാണ, ഛണ്ഡീഗഢ് തുടങ്ങിയ ഇടങ്ങളിലെ സീറ്റുകളിലേക്കാകും ഇന്നത്തെ ബിജെപി സെന്‍ട്രല്‍ കമ്മിറ്റിയുടെ ശ്രദ്ധ . മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ ഘടകക്ഷികളുമായുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഖ്യം സംബന്ധിച്ച ധാരണയും ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ അവശേഷിക്കുന്ന സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ കണ്ടെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്നത്തെ കോണ്‍ഗ്രസ് യോഗത്തില്‍ കര്‍ണാടക, രാജസ്ഥാന്,ഛത്തീസ്ഗഢ്, ഹരിയാണ, തമിഴ്നാട്, ഡല്‍ഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാകും സ്ഥാനാര്‍ഥികളെ കണ്ടെത്തുക. വൈകീട്ട് ആറിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സംസ്ഥാന നേതാക്കളും പങ്കെടുക്കും.
പാര്‍ട്ടി നേതൃയോഗങ്ങള്‍ ഇന്ന് അംഗീകാരം നല്കുന്ന രണ്ടാം സ്ഥാനാര്‍ഥി പട്ടിക ബുധനാഴ്ചയോടെ പുറത്ത് വിടുമെന്നാണ് വിവരം.
Discussion about this post