തൃശൂര്‍: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇയാളുടെ നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആദിവാസി ഊരില്‍ നിന്നും പുറത്തെ കടയിലേക്ക് നടന്നു പോകുന്നതിനിടെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ മാസവും രണ്ട് തവണ കാട്ടാന ആക്രമണം ഉണ്ടായിരുന്നു. ഫെബ്രുവരി എട്ടിന് കാട്ടാനയുടെ ആക്രമണത്തില്‍ കോയമ്പത്തൂര്‍ സ്വദേശി ഫിര്‍ദോസ് ഖാന് സാരമായി പരിക്കേറ്റു. പിന്നീട് ഫെബ്രുവരി 12-നും മലക്കപ്പാറയില്‍ കാട്ടാന ആക്രമണമുണ്ടായിരുന്നു.
അതേ സമയം, ഇന്നലെ അതിരപ്പിള്ളി- മലക്കപ്പാറ റോഡില്‍ ആനക്കയത്ത് സ്വകാര്യബസിന് നേര്‍ക്കും കാട്ടാന പാഞ്ഞടുത്തിരുന്നു. കാടിനുള്ളില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.

