കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ബംഗാളിലെ ബിഷ്ണുപുര്‍ മണ്ഡലത്തിലെ മത്സരം ചര്‍ച്ചയാകുകയാണ്. വിവാഹമോചിതരായ ദമ്പതികളാണ് ഈ മണ്ഡലത്തിൽ എറ്റുമുട്ടുന്നത്. തൃണമൂല്‍ സ്ഥാനാര്‍ഥിയായ സുജാത മൊണ്ഡല്‍ മുന്‍ ഭര്‍ത്താവ് സൗമിത്ര ഖാനുമായി മത്സരിക്കും.
നേരത്തേ സൗമിത്ര ഖാനെ ബിജെപി അവരുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് സുജാത മൊണ്ഡലിനെ ബിഷ്ണുപുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ബംഗാളിലെ 42 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും തൃണമൂല്‍ ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ക്ക് പുറമേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും പട്ടികയില്‍ ഇടംപിടിച്ചു. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെയാണ് യൂസഫ് പഠാന് മത്സരിക്കുക.
2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുജാത മൊണ്ഡലും സൗമിത്ര ഖാനും വേര്‍പിരിയുന്നത്. സൗമിത്ര ഖാന് ബിഷ്ണുപുരില്‍ നിന്നുള്ള തൃണമൂല്‍ നേതാവായിരുന്നു. എന്നാല്‍ 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ആ ഘട്ടത്തില്‍ സൗമിത്ര ഭര്‍ത്താവിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ചെയ്തിരുന്നു. സൗമിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് ഖാന് വിവാഹബന്ധം വേര്‍പ്പെടുത്തിയത്.
Discussion about this post