തൃശൂർ: കെ. മുരളീധരനെ എന്തിനാണ് തൃശൂരിൽ കൊണ്ടുനിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്ന് പത്മജ വേണുഗോപാൽ. തൃശൂരിൽ കാലുവാരാൻ ഒരുപാടു പേരുണ്ടെന്നും സുരേഷ് ഗോപി തന്നെ തൃശൂരിൽ ജയിക്കുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. വടകരയിൽ മത്സരിച്ചിരുന്നെങ്കിൽ കെ. മുരളീധരൻ ജയിക്കുമായിരുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു.
തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തന്നെ തോൽപിച്ചതിൽ തോൽപ്പിച്ചതിന് പിന്നിൽ രണ്ടു നേതാക്കളാണ്. വല്ലാതെ ചൊറിഞ്ഞാൽ അവരുടെ പേര് പറയുമെന്നും പത്മജ തുറന്നടിച്ചു. പഴയ കോൺഗ്രസുകാരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി അന്നത്തെ ഡിസിസി പ്രസഡിന്റായിരുന്ന എം.പി. വിൻസന്റ് എന്റെ കയ്യിൽ നിന്നു 22 ലക്ഷം രൂപ വാങ്ങി. എന്നിട്ടു പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയില്‍ വാഹനത്തിൽപ്പോലും കയറ്റിയില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മാത്രമാണ് ആത്മാർഥമായി പെരുമാറിയതെന്നും പത്മജ കൂട്ടിച്ചേർത്തു. ചാനലുകളിലിരുന്ന് നേതാക്കളായവരാണ് ഇപ്പോഴത്തെ യൂത്ത് കോൺഗ്രസുകാർ. അവർ പറഞ്ഞാൽ തനിക്കു പുച്ഛമാണെന്നും അവർ പരിഹസിച്ചു.

