തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് ഷമ മറുപടി നൽകിയിരിക്കുന്നത്. ‘മൈ ഐഡി’ എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എഐസിസി വക്താവിനെ കെപിസിസി അധ്യക്ഷനായ സുധാകരന് അറിയില്ലേ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉയരുന്ന വിമർശനം.
‘കെപിസിസി പ്രസിഡന്റ് അറിയാത്ത വക്താവ്. ഇതുവരെ വരച്ച വരയെല്ലാം വെള്ളത്തിൽ ആയിപോയല്ലോ…, ഇങ്ങനെ നാണംകെട്ട് അവിടെ നിൽക്കുന്നതിൽ നിങ്ങൾക്ക് ഒരു നാണവും തോന്നുന്നില്ലേ…’ എന്നിങ്ങനെയുള്ള കമന്റുകളാണ് ഷമയുടെ പോസ്റ്റിന് കീഴിൽ വരുന്നത്. കോൺഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെയാണ് നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് വന്നത്. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതി. അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും സുധാകരൻ പറഞ്ഞു. ഇതിനെത്തിരെയാണിപ്പോൾ ഷമ മുഹമ്മദ് രംഗത്ത് വന്നിരിക്കുന്നത്.
50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. അത് പാലിക്കപ്പെട്ടില്ലെന്ന് ഷമ പറഞ്ഞു. വടകരയില്‍ തന്നെ പരിഗണിക്കാത്തതിലെ അതൃപ്തിയും അവർ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പരിപാടികളില്‍ സ്റ്റേജില്‍ പോലും സ്ത്രീകള്‍ക്ക് സ്ഥാനമില്ലെന്നും എപ്പോഴും തോല്‍ക്കുന്ന സീറ്റാണ് നൽകുന്നതെന്നും ഷമ മുഹമ്മദ് കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണ രണ്ടു വനിതകൾ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞെന്നും ഷമ മുഹമ്മദ് പറഞ്ഞിരുന്നു.
Discussion about this post