തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു. കലോത്സവം നിർത്തിവയ്ക്കാൻ സർവകലാശാല യൂണിയൻ ചെയർമാനോടും സംഘാടകസമിതിയോടും രജിസ്ട്രാർ ആവശ്യപ്പെട്ടു. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇനി മത്സരങ്ങളും, കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപനവും നടക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവം ആരംഭിച്ച ദിവസം മുതൽ വിവാദങ്ങളും ആരംഭിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനു പണം വാങ്ങിയെന്ന് ആരോപിച്ച് 3 വിധികർത്താക്കളെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നാലെ, തങ്ങളെ എസ്എഫ്ഐക്കാർ മർദിച്ചെന്ന് ആരോപിച്ച് കെഎസ്‌യുക്കാർ ഇന്നലെ മത്സരവേദിയിൽ പ്രതിഷേധിച്ചിരുന്നു.
അതേ സമയം, കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിന് കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Discussion about this post