ന്യൂഡൽഹി: ഗുരുഗ്രാമിൽ ദ്വാരക എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ എട്ട്‌വരി ഹൈ സ്പീഡ് എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേയാണ്. പാതയിലൂടെ ഡൽഹിക്കും ഗുരുഗ്രാമിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറയ്ക്കാനും സാധിക്കും. ഏകദേശം 4,100 കോടി രൂപ ചെലവിലാണ് 19 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമിച്ചിരിക്കുന്നത്.
ഇതോടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കും ഗുരുഗ്രാം ബൈപാസിലേക്കും നേരിട്ട് കണക്റ്റിവിറ്റി ലഭ്യമാകും . ദ്വാരക എക്‌സ്‌പ്രസ്‌വേ 29 കിലോമീറ്റർ നീളത്തിലാണ്, അതിൽ 18.9 കിലോമീറ്റർ ഹരിയാനയിലും ബാക്കി 10.1 കിലോമീറ്റർ ഡൽഹിയിലുമാണ്. ദ്വാരക എക്സ്പ്രസ് വേയുടെ നിർമാണത്തിന് 9,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
കൂടാതെ തുരങ്കങ്ങൾ, അണ്ടർപാസുകൾ, അറ്റ്-ഗ്രേഡ് റോഡ് സെക്ഷൻ, എലിവേറ്റഡ് ഫ്ലൈ ഓവർ, ഫ്‌ളൈ ഓവറിന് മുകളിലുള്ള ഒരു ഫ്ലൈ ഓവർ എന്നിങ്ങനെ നാല് മൾട്ടി ലെവൽ ഇൻ്റർചേഞ്ചുകളും ഈ പാതയിലുണ്ട്. ആഴം കുറഞ്ഞ തുരങ്കത്തിലൂടെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള ഒരു ബദൽ മാർഗമായിരിക്കും ഈ എക്‌സ്പ്രസ് വേ.

