ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതകക്കേസിൽ നവജാത ശിശുവിന്റെ മൃതദേഹവശിഷ്ടത്തിനായി വീണ്ടും തിരച്ചിൽ തുടങ്ങി. കട്ടപ്പന സാഗര ജംഗ്ഷനിലെ വീടിനോട് ചേർന്നുള്ള തൊഴുത്തിലാണ് പരിശോധന. പ്രതി നിതീഷിനെ സംഭവ സ്ഥലത്ത് എത്തിച്ചിട്ടില്ല. കുട്ടിയെ മറവ് ചെയ്തത് ഇവിടെയാണെന്ന ആദ്യ മൊഴി നിതീഷ് മാറ്റിയിരുന്നു. ഇതോടെ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കൂട്ടുപ്രതി വിഷ്ണുവിനെയും അമ്മ സുമയെയും സഹോദരിയെയും ഇന്ന് ചോദ്യം ചെയ്തിരുന്നു.
കട്ടപ്പന ഇരട്ട കൊലപാതക കേസിൽ മുഖ്യപ്രതി പ്രതി നിതീഷ് മൊഴി മാറ്റിയത് പൊലീസിനെ വലച്ചിരുന്നു. 2016 ൽ കട്ടപ്പന സാഗര ജംഗ്ഷനിലെ വീട്ടിൽ വെച്ച് കുഞ്ഞിനെ കൊലപ്പെടുത്തി സമീപത്തെ തൊഴുത്തിൽ കുഴിച്ചിട്ടെന്നായിരുന്നു നിതീഷിന്റെ ആദ്യ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുഞ്ഞിന്റെ മൃതദേഹം മറ്റാരുമറിയാതെ മാറ്റിയെന്നാണ് നിതീഷിന്റെ പുതിയ മൊഴി. ഇതിൽ വ്യക്തത വരുത്താൻ പ്രതിയായ വിഷ്ണുവിനെയും അമ്മ സുമയെയും സഹോദരിയെയും പൊലീസ് ചോദ്യം ചെയ്തു.നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കക്കാട്ടുകടയിലെ വീട്ടിൽ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ വിജയനേറെതെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു.
Discussion about this post