പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു. ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. 2019ൽ പാർലമെൻ്റ് പാസാക്കിയ സിഎഎ, ഇന്ത്യയിലുടനീളം തീവ്രമായ ചർച്ചകൾക്കും വ്യാപക പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ച് സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
പാർലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌തതോടെയാണ് നിയമം പ്രാബല്യത്തിലായത്. ബിജെപിയുടെ 2019 പ്രകടനപത്രികയിലെ അവിഭാജ്യ ഘടകമായിരുന്നു ഇത്. അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിന് ഇത് വഴിയൊരുക്കും എന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.
അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുക. മതിയായ രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. 2019 ഡിസംബർ 11നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്.
Discussion about this post