കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജി വെച്ചതിന് പിന്നാലെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാനൊരുങ്ങി കേന്ദ്രം. നിയമനത്തിനായി ഈ മാസം 14ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. നിലവിൽ രണ്ട് പേരുടെ ഒഴിവാണുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ശേഷിക്കുന്നത്.
നേരത്തെ മാർച്ച് 15ന് വൈകുന്നേരം ആറ് മണിക്കാണ് യോഗം തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാജിവെച്ച അരുൺ ഗോയലിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു. എന്നാൽ പകരം ആരെയും നിയമിച്ചിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചത് വലിയ തരത്തിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചത്.
രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അരുൺ ഗോയലിന്റെ രാജി അംഗീകരിച്ചത്. അരുൺ ഗോയലിന്റെ രാജിയുടെ കാരണം എന്തെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പിനായുള്ള തിരക്കിട്ട പ്രവർത്തനങ്ങൾ നടക്കവെയാണ് അരുൺ ഗോയലിന്റെ രാജി.

