മലപ്പുറം: മാസപ്പിറവി ദൃശ്യമായത്തോടെ നോമ്പുനോറ്റ് റമദാൻ വ്രതാനുഷ്ഠാനത്തിന് തുടക്കമായി. മലപ്പുറം പൊന്നാനിയിലാണ് മാസപ്പിറവി ദൃശ്യമായത്. മാസപ്പിറവി ദൃശ്യമായത്തോടെ ഇന്ന് നോമ്പ് ഒന്നായിരിക്കുമെന്ന് വിവിധ മത ഖാസിമാർ പറഞ്ഞു.
മുസ്ലീം മത വിശ്വാസികൾക്ക് ഇനി വരുന്ന മുപ്പത് നാൾ പുണ്യം തേടിയുള്ള ദിനരാത്രങ്ങളാണ്. പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ശരീരവും മനസ്സും പരമകാരുണീയനായ നാഥനിൽ സമർപ്പിച്ച് വിശ്വാസികൾ വ്രതം അനുഷ്ഠിക്കും. സ്വയം നവീകരണത്തിൻ്റെയും ആത്മ ശുദ്ധീകരണത്തിൻ്റെയും രാപ്പകലുകളാണ് ഇനി.
നോമ്പ് നോറ്റ് വ്രതം അനുഷ്ഠിച്ച് ഈ നാളുകളിൽ പുണ്യപ്രവർത്തി ചെയ്താൽ 700 മുതൽ 70,000 വരെ ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഇസ്ലാമിക വിശ്വാസ പ്രകാരം എല്ലാ സുഖദുഃഖങ്ങളും വെടിഞ്ഞ് ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്.
രാത്രികാലങ്ങളിൽ നിർവഹിക്കുന്ന ദൈർഘ്യമേറിയ തറാവീഹ് നമസ്കാരം റമദാനിലെ ഒരു പ്രത്യേകതയാണ്. ജാതി മത ഭേദമന്യേ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന ഇഫ്താറുകളും റമദാനിലെ ഒരു വിശ്വാസമാണ്.
Discussion about this post