ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സെയ്‌നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച മനോഹർലാൽ ഖട്ടർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചണ്ഡിഗഡിലെ രാജ്‌ഭവനിൽ സെയ്നിയുടെ സത്യപ്രതിജ്ഞ. ബിജെപി അംഗങ്ങളായ കൻവാർപാൽ ഗുജ്ജർ, മൂൽചന്ദ് ശർമ, സ്വതന്ത്ര എംഎൽഎ രഞ്ജിത് സിങ് തുടങ്ങിയവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
മനോഹർ ലാൽ ഖട്ടറും അദ്ദേഹത്തിൻ്റെ മുഴുവൻ മന്ത്രിസഭയും നേരത്തെ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയക്ക് രാജിക്കത്ത് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നായബ് സിങ് സെയ്‌നി അധികാരമേറ്റത്. ബിജെപി– ജെജെപി സഖ്യം പിളർന്നതോടെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ച സാഹചര്യത്തിലാണ് നായബ് സിങ് സെയ്നി പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നുള്ള എംപിയുമാണ് സെയ്നി. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുന്നത്. ഹരിയാനയിലെ ഭരണകക്ഷിയായ ബി.ജെ.പി.യിലും ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി.) സഖ്യത്തിനും ഉള്ളിലെ വിള്ളലുകളെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങൾക്കൊടുവിലായിരുന്നു മനോഹർ ലാൽ ഖട്ടറിൻ്റെ രാജി.
Discussion about this post