പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൻ ജോസഫിന് ജാമ്യം ലഭിച്ചു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം ജെയ്സൻ ജോസഫിനെ കോടതി റിമാൻ്റ് ചെയ്തിരുന്നു.
ജെയ്സൺ ജോസഫ് കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലാണ് ജെയ്സൺ കീഴടങ്ങിയത്. ഈ മാസം 13-ന് മുമ്പ് പൊലീസിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
അതേസമയം തനിക്കെതിരെയുള്ളത് വ്യാജ കേസെന്ന് ജെയ്സൻ ജോസഫ് പറഞ്ഞിരുന്നു. താൻ വിദ്യാർത്ഥിനിയെ മർദ്ദിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിൻ്റെ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസ്. നിയമപരമായും രാഷ്ട്രീയപരമായും കേസിനെ നേരിടുമെന്നാണ് ജെയ്സൻ ജോസഫ് പറഞ്ഞത്. കോടതി വിധി മാനിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരായത്. പാർലമെൻ്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത് പക്ഷത്തെ ആക്രമിക്കാനാണ് തനിക്കെതിരെയുള്ള ഈ പരാതിയെന്നായിരുന്നു ജെയ്സൺ പ്രതികരിച്ചത്.
ഡിസംബർ 20-നാണ് നിയമ വിദ്യാർത്ഥിനിക്ക് മർദനമേറ്റത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാതിരുന്നതും നേരത്തെ വിവാദമായിരുന്നു.
Discussion about this post