ജമ്മു കശ്മീർ നാഷണൽ ഫ്രണ്ടിന് (ജെകെഎൻഎഫ്) നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ (UAPA) നിയമപ്രകാരം അഞ്ച് വർഷത്തേക്കാണ് നിരോധനം. നിയമവിരുദ്ധ സംഘടനയായി നയീം അഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള ജെകെഎൻഎഫിനെ പ്രഖ്യാപിക്കുകയും ചെയ്തു . ‘ജമ്മു കശ്മീർ നാഷണൽ ഫ്രണ്ടിനെ നിരോധിത സംഘടനയായി ഇന്ന് മോദി സർക്കാർ പ്രഖ്യാപിച്ചു’- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
“രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അഖണ്ഡതയെയും വെല്ലുവിളിച്ച് ജമ്മു കശ്മീരിനെ ഭാരതത്തിൽ നിന്ന് വേർപെടുത്താനും തീവ്രവാദത്തെ പിന്തുണയ്ക്കാനും വിഘടനവാദ പ്രവർത്തനങ്ങൾ സംഘടന നടത്തുന്നതായി കണ്ടെത്തി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തീവ്രവാദ ശക്തികളെ പിഴുതെറിയാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ” അമിത് ഷാ കൂട്ടിച്ചേർത്തു.
രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ജെകെഎൻഎഫ് ഏർപ്പെട്ടിരിക്കുകയാണെന്ന് സർക്കാർ പറഞ്ഞു. ജമ്മു കശ്മീരിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രഭരണ പ്രദേശത്തെ ഭീകരർക്ക് പിന്തുണ നൽകുന്നതിനുമായി തീവ്രവാദ പ്രവർത്തനങ്ങളെയും ഇന്ത്യാ വിരുദ്ധ പ്രചാരണത്തെയും പിന്തുണയ്ക്കുന്നതിൽ ജെകെഎൻഎഫ് അംഗങ്ങൾ തുടർന്നും ഏർപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
Discussion about this post