കേരളത്തിന് പുത്തൻ എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് സർവീസ് നടത്തുന്ന കൊല്ലം-തിരുപ്പതി ദ്വൈവാര എക്‌സ്പ്രസ് ട്രെയിനിനാണ് പ്രധാനമന്ത്രി ഓൺലൈനായി പച്ചക്കൊടി വീശിയത്.
ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിനാണിത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് തിരുപ്പതിയിൽ നിന്ന് പുറപ്പെടുക. ഉച്ചയ്ക്ക് 2.40ന് തിരുപ്പതിയിൽ നിന്ന് സർവീസ് ആരംഭിക്കും. അടുത്തദിവസം രാവിലെ 6.20ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് രാത്രി 10.45ന് പുറപ്പെടും; അടുത്തദിവസം രാവിലെ 3.20ന് തിരുപ്പതിയിലെത്തും.
കേരളത്തിൽ നിന്ന് തിരുപ്പതി ക്ഷേത്ര ദർശനത്തിന് പോകുന്നവർ, തമിഴ്‌നാട്ടിലും ആന്ധ്രയിലും പഠന, ജോലി ആവശ്യങ്ങൾക്ക് പോകുന്നവർ തുടങ്ങിയവർക്ക് പ്രയോജനപ്പെടുന്നതാണ് സർവീസ്. മാത്രമല്ല, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നും മദ്ധ്യകേരളത്തിൽ നിന്നും ശബരിമലയിലേക്ക് പോകുന്നവർക്കും പുതിയ എക്‌സ്പ്രസ് ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷകൾ. ശബരിമല-തിരുപ്പതി തീർത്ഥാടകർക്ക് പ്രയോജനപ്പെടുംവിധം ട്രെയിൻ സർവീസ് വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പച്ചവെളിച്ചം തെളിഞ്ഞത്.
കേരളത്തിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ (നോർത്ത്), ആലുവ, തൃശൂർ, ഷൊർണൂർ, പാലക്കാട് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കാട്പാടി, ചിറ്റൂർ, തിരുപ്പതി എന്നിവയാണ് ട്രെയിനിന്റെ മറ്റ് സ്റ്റോപ്പുകൾ.
ആലപ്പുഴ വഴിയോടുന്ന കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഇന്നുമുതൽ മംഗലാപുരത്തേക്കാണ് സർവീസ് നടത്തുക. ഇതുവരെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയായിരുന്നു ഓട്ടം.
നിലവിൽ തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിന് തിങ്കളാഴ്ച സർവീസില്ല. തിരികെ, ചൊവ്വാഴ്ച കാസർഗോഡ്-തിരുവനന്തപുരം സർവീസും നടത്താറില്ല. ജൂലൈ 5 മുതൽ ബുധനാഴ്ചകളിലൊഴികെ എല്ലാദിവസവും ട്രെയിൻ സർവീസ് നടത്തും. അതേസമയം, ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരുടെ സൗകര്യാർത്ഥം ജൂലൈ 4 വരെ ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്തും.
Discussion about this post