ന്യൂഡല്‍ഹി: കേരളത്തിന് നിബന്ധനകളോടെ 5000 കോടി കടമെടുക്കാൻ അനുമതി നൽകാമെന്ന നിലപാടിൽ ഉറച്ച് കേന്ദ്രം. കടമെടുക്കാന്‍ കാണിക്കുന്ന വ്യഗ്രത കേരളത്തെ അപകടത്തിലാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. എന്നാൽ 5000 കോടി തികയില്ലെന്നും ചുരുങ്ങിയത് 10000 കോടി കടമെടുക്കാൻ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. അവകാശപ്പെട്ട കേന്ദ്രഫണ്ടുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ സുപ്രീം കോടതി വിശദമായ വാദംകേള്‍ക്കും.
എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടാണെന്ന് സുപ്രീംകോടതിയെ അറിയിച്ച കേന്ദ്രം, ഇളവ് അനുവദിച്ചാല്‍ മറ്റുസംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുമെന്നും വ്യക്തമാക്കി. എന്നാൽ, ഇത് സംസ്ഥാന സര്‍ക്കാര്‍ തള്ളി. 19,000 കോടി രൂപ കടമെടുക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും വിഷയത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറാകണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളത്തിന് ഇളവ് അനുവദിച്ചുകൂടേയെന്ന ചോദ്യത്തിന്, കേരളം ചോദിച്ചത് ബെയില്‍ ഔട്ട് ആണെന്നും ബെയില്‍ ഔട്ട് നല്‍കുക സാധ്യമല്ലെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വാദിച്ചു. ഏപ്രില്‍ ഒന്നിന് അയ്യായിരം കോടി നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ വിശാലമനസോടെ പ്രവര്‍ത്തിക്കണമെന്നും പത്തുദിവസത്തേക്ക് കേരളത്തെ സഹായിക്കാന്‍ ഇളവ് പരിഗണിക്കണമെന്നും സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കടുത്ത നിബന്ധകള്‍ അടുത്ത സാമ്പത്തിക വര്‍ഷം വെക്കാനും സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ പരമാവധി കൊടുത്തു കഴിഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നിർദ്ദേശം കേരളം തള്ളുകയും, വിശദമായ വാദം കേൾക്കണമെന്ന് കേരളം ആവശ്യപ്പെടത്തോടെയാണ്. അടുത്ത വ്യാഴാഴ്ച വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്.
Discussion about this post