ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ബെല്ലാരിയില്‍വെച്ച് പ്രതിയെന്ന് സംശയിക്കുന്ന ആളുമായി ഇടപഴകിയ ആളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കര്‍ണാടകയിലെ ബല്ലാരിയില്‍ നിന്നാണ് സയിദ് ഷബീര്‍ എന്ന ഇയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ടിട്ടില്ല. സംഭവം നടന്നതിന് ശേഷം പ്രതിയെ പിടികൂടുന്നതിനായി പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പുറത്തു വിട്ടിരുന്നു. ഇയാളെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായവും എന്‍ഐഎ തേടിയിരുന്നു.
മാര്‍ച്ച് ഒന്നിന് സ്ഫോടനം നടന്ന് എട്ട് മണിക്കൂറിന് ശേഷം രാത്രി 8.58 ഓടെയാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ ബെല്ലാരി ബസ് സ്റ്റാന്‍ഡില്‍ അവസാനമായി സിസിടിവിയില്‍ കണ്ടത്. ബെംഗളൂരുവിലെ സ്ഫോടനത്തിന് ശേഷം പ്രതി രണ്ട് അന്തര്‍ സംസ്ഥാന ബസുകളിലായി യാത്ര ചെയ്താണ് ബെല്ലാരിയിലെത്തിയത്. ബെല്ലാരിയിലെത്തിയ ശേഷം പ്രതി എങ്ങോട്ട് പോയെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ബെല്ലാരിയിലെത്തിയപ്പോള്‍ ഷാബിര്‍ പ്രതിയുമായി ഇടപഴകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്ഫോടനം നടത്തിയ രാമേശ്വരം കഫേയുടെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍വെച്ച് ഇയാള്‍ ഷര്‍ട്ടും തൊപ്പിയും മാറ്റി ടി ഷര്‍ട്ട് ധരിച്ച് പുറത്തിറങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post