കൊച്ചി: അപൂർവ്വരോഗമായ ‘ലൈം രോഗം’ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്. ജില്ലയിൽ ആദ്യമായാണിത് സ്ഥിരീകരിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്തമാക്കി.
ലൈം രോഗം ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗമാണിത്. ചില പ്രാണികൾ വഴിയാണ് ഇത് പകരുന്നത്. നാഡീവ്യൂഹത്തെ ബാധിച്ച് മരണംവരെ സംഭവിക്കാം. കൃത്യസമയത്ത് കണ്ടെത്തിയാൽ ഡോക്സിസൈക്ളിൻ ഗുളികകൾ അടക്കമുള്ള ചെലവു കുറഞ്ഞ ചികിത്സാ മാർഗത്തിലൂടെ രോഗം ഭേദമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽനിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്ന് ഉറപ്പിച്ചത്. ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അവിടെയും രോഗം സ്ഥിരീകരിച്ചു. ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും ഡിസംബർ 26-ന് ആശുപത്രി വിടുകയും ചെയ്തു.
Discussion about this post