ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) വഴി ചില സമയത്ത് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് കാശ് പോകുകയും ടിക്കറ്റ് ബുക്ക് ആകാതെയുമുള്ള സംഭവങ്ങളുണ്ടാകാറുണ്ട്. ഇതിന്റെ പേരിൽ ഒട്ടേറെ പരാതികളാണ് റെയിൽവേക്ക് കിട്ടുന്നത്.
പരാതി ലഭിച്ചാലും നിലവിൽ റീഫണ്ടിനായി യാത്രക്കാർക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ടി വരാറുണ്ട്. റീഫണ്ട് വൈകുന്നത് സംബന്ധിച്ച പരാതികൾ റെയിൽവേക്ക് വലിയ പ്രശ്നമാണ്. എന്നാൽ ഇത്തരത്തിൽ പണം നഷ്ടപ്പെടുകയാണെങ്കിൽ ഇനി അധികം കാത്തിരിക്കാതെ തന്നെ പണം തിരികെ ലഭിക്കുന്നത് വളരെ വേഗത്തിലാകുമെന്ന് റിപ്പോർട്ട്.
ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇങ്ങനെ നഷ്ടപ്പെടുന്ന പണം ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഐ.ആർ.സി.ടി.സിയുടെയും സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിന്റെയും കൂട്ടായ ശ്രമങ്ങളാണ് ഇതിന് പിന്നിൽ.
നിലവിൽ ടിക്കറ്റും മറ്റു ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ ഐ.ആർ.സി.ടി.സി തൊട്ടടുത്ത ദിവസം റീഫണ്ട് പ്രക്രിയ ആരംഭിക്കും. എന്നാൽ ബാങ്കുകളുടെയും പേയ്മെന്റ് സേവനങ്ങളുടെയും രീതിയെ ആശ്രയിച്ച് പണം തിരികെ ലഭിക്കുന്നതിന് നിരവധി ദിവസങ്ങൾ എടുത്തേക്കാം. ഇതിൽ മാറ്റം വരുത്താനാണ് റെയിൽവേയുടെ നീക്കം.
Discussion about this post