ന്യൂഡൽഹി : വിദേശ സ്വർണം കടത്തുന്ന പ്രധാന സംഘത്തെ പിടികൂടി ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡിആർഐ). 40 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് ഡിആർഐ ഓപ്പറേഷൻ ‘റൈസിംഗ് സണ്ണി’ലൂടെ പിടികൂടിയത്. നാല് സംസ്ഥാനങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ ഏകദേശം 61.08 കിലോഗ്രാം ഭാരമുള്ള കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തു.
ഗുവാഹത്തി, ബാർപേട്ട, ദർബംഗ, ഗോരഖ്‌പൂർ, അരാരിയ എന്നിവിടങ്ങളിൽ 19 വാഹനങ്ങളും പണവും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും റെയ്‌ഡിൽ പിടികൂടിയിട്ടുണ്ട്. സംഘത്തിൻറെ രണ്ട് സൂത്ര ധാരന്മാരെയുൾപ്പെടെ ആറ് അംഗങ്ങളെ ഗുവാഹത്തിയിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ നിന്ന് ഗുവാഹത്തിയിലെ ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടി. ഇവരിൽ നിന്ന് 22.74 കിലോഗ്രാം സ്വർണ്ണം, 13 ലക്ഷം രൂപ, വാഹനങ്ങൾ, മറ്റ് ഇലക്ട്രോണിക് വസ്‌തുക്കൾ എന്നിവ കണ്ടെടുത്തു. ഗുവാഹത്തിയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെ അസമിലെ ബാർപേട്ടയിൽ വെച്ച് പിടികൂടിയ വാഹനത്തിൽ നിന്ന് 13.28 കിലോ കള്ളക്കടത്ത് സ്വർണത്തോടൊപ്പം രണ്ട് പേരെ പിടികൂടി.
അന്വേഷണത്തിൽ കണ്ടെത്തിയ സൂചനകളെ തുടർന്ന്, മുസാഫർപൂരിൽ നിന്നുള്ള ഡിആർഐ ഉദ്യോഗസ്ഥർ ദർഭംഗയ്ക്ക് സമീപം പിടികൂടിയ വാഹനത്തിൽ നിന്ന് 13.27 കിലോ സ്വർണം കണ്ടെടുത്തു. മറ്റൊരു വാഹനം ഗോരഖ്പൂരിൽ വെച്ച് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടി. ഇതിൽ നിന്ന് 11.79 കിലോ വിദേശ സ്വർണമാണ് കണ്ടെടുത്തത്. സംഘം ഉപയോഗിച്ചിരുന്ന രഹസ്യ അറകളുള്ള മറ്റ് ഒമ്പത് കാറുകളും പട്‌നയിൽ നിന്നുള്ള ഡിആർഐ ഉദ്യോഗസ്ഥർ ബിഹാറിലെ അരാരിയയിൽ കണ്ടെത്തി പിടികൂടി. 12 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത്.
ഇന്തോ-മ്യാൻമർ അതിർത്തി വഴി ചെറിയ അളവിൽ ഇന്ത്യയിലേക്ക് സ്വർണം കടത്തുകയും ഗുവാഹത്തിയിൽ വച്ച് അവ സമാഹരിച്ച് ഡൽഹി, ജയ്‌പുർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടത്തുകയും ചെയ്‌തിരുന്നതായി പ്രാഥമിക ചോദ്യം ചെയ്യലിൽ ഡിആർഐ കണ്ടെത്തി.
Discussion about this post