കലബുറഗി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനും മറ്റും ചെലവഴിക്കാൻ പണമില്ലെന്നു വെളിപ്പെടുത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ചു കൊണ്ടായിരുന്നു പരാമർശം. ജനങ്ങൾ സംഭാവനയായി നൽകിയ പണമാണു പാർട്ടിക്കുള്ളത്. അതു കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുകയാണെന്നും, അതിനാൽ ചെലവഴിക്കാൻ ഞങ്ങളുടെ കയ്യിൽ പണമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ജനം ഒരുമിച്ചു നിൽക്കണമെന്നും കോൺഗ്രസിന്റെ വിജയം ജനങ്ങൾ ഉറപ്പിക്കണമെന്നും ഖർഗെ പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നൽകിയ ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. 2018- 19 ലെ നികുതി നൽകിയില്ലെന്നു കാട്ടി പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 105 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 210 കോടി അടയ്ക്കാനുണ്ടെന്നാണു വകുപ്പിന്റെ വാദം.
Discussion about this post