തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ തമ്പാനൂർ സതീഷും പത്മിനി തോമസും ബിജെപിയിൽ ചേർന്നു. നേതാക്കൾ ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പമാണ് ഇരുവരും പാർട്ടി ഓഫിസിലെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നത് കോൺഗ്രസിൽ ആശങ്ക ഉയർത്തുന്നുണ്ട്.
തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. പാര്‍ട്ടിയിൽ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം കാറിൽ എത്തിയപ്പോഴാണ് ഇദ്ദേഹം ബിജെപിയിൽ ചേരുകയാണെന്ന് വ്യക്തമായത്. രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്. പത്മിനിക്കൊപ്പം പത്മിനിയുടെ രണ്ട് മക്കളും ബിജെപിയിൽ ചേർന്നു. ഡിസിസി മുൻ ജനറൽ സെക്രട്ടറി സതീഷിനൊപ്പം ഉദയകുമാറും പൂന്തുറ മുൻ വാർഡ് കൗൺസിലർ പീറ്റർ സോളമനും ബിജെപിയിൽ ചേർന്നിട്ടുണ്ട്
അതേ സമയം അധികാര സ്ഥാനം വെച്ച് നീട്ടിയത് കൊണ്ടല്ല കോൺഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നതെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് കൺവീനര്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തുകയാണ്. സിഎഎയുടെ മറവിൽ കുളം കലക്കി മീൻ പിടിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിലേക്ക് വന്നവർക്ക് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നന്ദി പറഞ്ഞയുകയും. എൻഡിഎ സര്‍ക്കാരിന്റെയും യുപിഎ സര്‍ക്കാരിന്റെയും കാലത്തെ വികസനം തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താരതമ്യം ചെയ്യപ്പെടുമെന്നും തിരുവനന്തപുരത്തെ വികസനവും തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post