ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുത്തത്. ഗ്യാനേഷ് കുമാർ കേരള കേഡറിലേയും സുഖ്ബിർ സിങ് സന്ധു പഞ്ചാബ് കേഡറിലേയും മുൻ ഐഎഎസ് ഉദ്യോഗസ്ഥരാണ്.
പോൾ ഓഫീസർമാരെ തിരഞ്ഞെടുക്കാൻ നിയോഗിച്ച സമിതിയിലെ മൂന്ന് അംഗങ്ങളിൽ ഒരാളാണ് അധീർ രഞ്ജൻ ചൗധരിയും. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന നടപടികളോട് ചൗധരി എതിർപ്പ് പ്രകടിപ്പിച്ചു. ചുരുക്കപ്പട്ടികയിലുള്ള പേരുകൾ തനിക്ക് മുൻകൂട്ടി ലഭ്യമാക്കിയില്ലെന്ന് പറഞ്ഞ് തുടർന്നുള്ള നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് അധീർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം വിരമിച്ചിരുന്നു. ഇതോടെ മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമാണു ശേഷിച്ചിരുന്നത്. അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ സർക്കാർ നേരിട്ട് നിയമിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.

