പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയിൽ എത്തും. ഉച്ചയ്ക്ക് ഒന്നേകാലോടെ പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഉച്ചയ്ക്ക് 1.05 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങും. ഒന്നേകാലോടെ പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി എത്തും. കൂറ്റൻ പന്തലാണ് പ്രധാനമന്ത്രിയുടെ പരിപാടിക്കായി പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. എൻഡിഎ സ്ഥാനാർത്ഥികളായ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, അനിൽ ആൻ്റണി, ശോഭാ സുരേന്ദ്രൻ, ബൈജു കലാശാല എന്നിവർക്കായി പ്രധാനമന്ത്രി വോട്ടഭ്യർത്ഥിക്കും.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകേണ്ട വഴികളിലെ ഗതാഗത ക്രമീകരണവും സുരക്ഷാ പരിശോധനയും പൂർത്തിയാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും സംയുക്തമായാണ് സുരക്ഷാ ചുമതല നിർവ്വഹിക്കുക. 2 മണി വരെ പ്രധാനമന്ത്രി വേദിയിൽ ഉണ്ടായിരിക്കും. രണ്ടേ കാലോടെ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിലേക്ക് തിരിക്കും.
സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും ഡ്രോണുകൾ നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ഇരു സ്റ്റേഡിയങ്ങളുടേയും 3 കിലോമീറ്റർ ദൂരപരിധിയിൽ ഡ്രോണുകൾ, വിദൂര നിയന്ത്രിത മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റുകൾ, ഏറോ മോഡലുകൾ പാരാഗ്ലൈഡറുകൾ , ഹോട് എയർ ബലൂണുകൾ എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
Discussion about this post