ഹൈദരാബാദ്: ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള ശുപാർശകൾ മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിൻറെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ചു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നൂറ് ദിവസത്തിനകം തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്(One Nation).
ഒറ്റതെരഞ്ഞെടുപ്പ് രാജ്യത്തിൻറെ വികസനത്തിനും സാമൂഹ്യഏകീകരണത്തിനും ജനാധിപത്യ അടിത്തറയെ ശക്തമാക്കാനും ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും സഹായകമാകുമെന്നും കോവിന്ദ് സമിതി ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും പത്തിന നിർദ്ദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചിട്ടുള്ളത്
1 – സ്വാതന്ത്ര്യം നേടി ആദ്യ രണ്ട് പതിറ്റാണ്ടിൽ സംസ്ഥാനങ്ങളിലേക്കും കേന്ദ്രത്തിലേക്കും ഒറ്റത്തവണ തെരഞ്ഞെടുപ്പ് നടത്തിയത് നമ്മുടെ രാജ്യത്തിൻറെ സമ്പദ് ഘടനയെയും രാഷ്‌ട്രീയത്തെയും സമൂഹത്തെയും കരുത്തുറ്റതാക്കിയെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. തുടക്കത്തിൽ ഓരോ പത്ത് കൊല്ലം കൂടുമ്പോഴുമായിരുന്നു രണ്ട് തെരഞ്ഞെടുപ്പുകളും നടത്തിയിരുന്നത്. എന്നാൽ ഇന്ന് മിക്ക തെരഞ്ഞെടുപ്പുകളും പ്രതിവർഷം നടത്തേണ്ടി വരുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ഇത് സർക്കാരിനും വ്യവസായികൾക്കും തൊഴിലാളികൾക്കും കോടതികൾക്കും രാഷ്‌ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും പൊതുസമൂഹത്തിനും വലിയ തോതിൽ അധികബാധ്യത സൃഷ്‌ടിക്കുന്നു. അത് കൊണ്ട് തന്നെ ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനം സർക്കാർ ആവിഷ്ക്കരിക്കണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.
2 – ആദ്യമായി ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനുള്ള നടപടികൾ കൈക്കൊള്ളാൻ സമിതി ശുപാർശ ചെയ്യുന്നു. രണ്ടാം ഘട്ടത്തിൽ മുനിസിപ്പാലികളെയും പഞ്ചായത്തുകളെയും ഇതിൻറെ കൂട്ടത്തിൽ ഉൾപ്പെടുത്താനും കോവിന്ദ് സമിതി ശുപാർശ ചെയ്യുന്നു. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഉള്ള തെരഞ്ഞെടുപ്പ് നടന്ന് നൂറ് ദിവസത്തിനകം പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് നടത്തണമെന്നും സമിതി പറയുന്നു.
3 – പൊതുതെരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭ നിലവിൽ വരുന്ന തീയതിയിരിക്കും അപ്പോയിൻറ് ഡേറ്റായി നിശ്ചയിച്ച് രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. ഇത് അനുസരിച്ച് സംസ്ഥാന നിയമ സഭകളുടെ കലാവധി പുനക്രമീകരിക്കാനാണ് നിർദ്ദേശം.
4 – കാലാവധി പൂർത്തിയാക്കും മുമ്പ് സംസ്ഥാന നിയമസഭകളോ ലോക്‌സഭയോ പിരിച്ച് വിടേണ്ട സാഹചര്യമുണ്ടായാൽ അവശേഷിക്കുന്ന സമയത്തേക്ക് മാത്രം തെരഞ്ഞെടുപ്പ് നടത്താനും സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്. അതിനാൽ വീണ്ടും ലോക്സഭ- സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ സാധിക്കുമെന്നും ശുപാർശയിൽ ചൂണ്ടിക്കാട്ടുന്നു.
5 – സമിതിയുടെ ശുപാർശകൾ നടപ്പാക്കാനായി ഒരു സംഘത്തെ നിയോഗിക്കണമെന്നും ശുപാർശയിലുണ്ട്.
6 – തൂക്ക് സഭയോ, അവിശ്വാസപ്രമേയമോ പോലുള്ള സാഹചര്യങ്ങളുണ്ടായാൽ പുതുതായി തെരഞ്ഞെടുപ്പ് നടത്തുകയാകും അഭികാമ്യം എന്നും സമിതി നിർദ്ദേശിക്കുന്നു. ഇത്തരത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാലും അവശേഷിക്കുന്ന കാലാവധിയിലേക്ക് മാത്രമാകും പുതിയ സഭയ്ക്ക് പ്രവർത്തിക്കാനാകുക. സംസ്ഥാന നിയമസഭകളിലും ഇതേ നിയമം തന്നെയാകും അനുവർത്തിക്കുക. ഇതിനും ഒരു ഭരണഘടനാ ഭേദഗതി ആവശ്യമാണ്. അനുച്ഛേദം 83(പാർലമെൻറിൻറെ കാലാവധി സംബന്ധിച്ച വകുപ്പ്)അനുച്ഛേദം 172( സംസ്ഥാന നിയമസഭകളുടെ കാലാവധി പറയുന്ന വകുപ്പ്) എന്നിവയിലാണ് ഭേദഗതി കൊണ്ടുവരേണ്ടത്. . ഈ ഭരണഘടനാ ഭേദഗതികൾക്കും സംസ്ഥാന സർക്കാരുകളുടെ അംഗീകാരം വേണം.
7 – ആദ്യഘട്ടത്തിൽ സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ശുപാർശ. രണ്ടാം ഘട്ടത്തിൽ മുനിസിപ്പാലിറ്റികളെയും പഞ്ചായത്തുകളെയും ഇതിൽ ഉൾപ്പെടുത്താം.സംസ്ഥാന നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നൂറ് ദിവസത്തിനകം ഈ തെരഞ്ഞെടുപ്പുകളും നടത്തിയിരിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
8 – സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ വോട്ടിംഗ് മെഷീനുകൾ, വിവിപാറ്റുകൾ അടക്കമുള്ള ഉപകരണങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ, പോളിംഗ് ഉദ്യോഗസ്ഥർ, മറ്റ് ക്രമീകരണങ്ങൾ എന്നിവ മുൻകൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു. ഇതിന് ഒപ്പം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങൾ സംസ്ഥാന സർക്കാരുകൾ നടത്തണമെന്നും ശുപാർശയുണ്ട്. ഇത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് വേണം ചെയ്യാനെന്നും സമിതി നിർദ്ദേശിക്കുന്നു.
9 – ഒരു തിരിച്ചറിയൽ കാർഡും ഒരൊറ്റ വോട്ടർപട്ടികയും തയാറാക്കുമ്പോൾ ഇതിനും ഭരണഘടന ഭേദഗതി ആവശ്യമുണ്ട്. അനുച്ഛേദം 325 ഇതിന് അനുസരിച്ച് മാറ്റം വരുത്തണം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുമായി കൂടിയാലോചിച്ച് വേണം ഇത് ചെയ്യാൻ. പുതിയ വോട്ടർപട്ടികയും തിരിച്ചറിയൽ കാർഡും നിലവിൽ വരുമ്പോൾ മുൻപ് തയാറാക്കിയ വോട്ടർപട്ടികയും തിരിച്ചറിയൽ കാർഡുകളും അസാധുവാക്കണമെന്നും നിർദ്ദേശമുണ്ട്. ഈ ഭേദഗതികൾക്ക് സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ആവശ്യമാണ്.
10 – പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകൾ സംസ്ഥാന-ലോക്‌സഭ തെരഞ്ഞെടുപ്പുകൾക്കൊപ്പം നടത്താനായി അനുച്ഛേദം 324എ എന്നൊരു വകുപ്പ് കൂടി ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്. അനുച്ഛേദം 243 കെ, 243ഇസഡ്എ പ്രകാരം അനുച്ഛേദം 325ൽ ഭേദഗതി വരുത്തി എല്ലാ തെരഞ്ഞെടുപ്പുകൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കുന്ന ഒറ്റ തിരിച്ചറിയൽ കാർഡും വോട്ടേഴ്സ് ലിസ്റ്റും തയാറാക്കണമെന്നും നിർദ്ദേശമുണ്ട്. ഈ ഭേദഗതികൾ സംസ്ഥാന പട്ടികയിൽ പെടുത്തിയ വിഷയങ്ങളിലായതിനാൽ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് വേണം നടപ്പാക്കാനെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. ഭരണഘടനയുടെ ഏഴാംപട്ടികയിലും ഭാഗം ഒൻപത്, ഒൻപത് എ എന്നിവയിലും ഉൾപ്പെട്ട വിഷയങ്ങളാണിത്. അത് കൊണ്ട് തന്നെ ഇവയിൽ ഭേദഗതി വരുത്തുമ്പോൾ സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്.
തങ്ങളുടെ നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നാണ് സമിതിയുടെ അവകാശവാദം. വോട്ടർമാരിൽ ആത്മവിശ്വാസമുണ്ടാക്കാനും ഇവ ഉപകരിക്കും. ഇതിനെല്ലാം ഉപരി രാജ്യത്തിൻറെ വികസനത്തിനും ഒറ്റതെരഞ്ഞെടുപ്പ് സഹായകമാകും. ജനാധിപത്യ അടിത്തറ ശക്തമാക്കാനും ഇവ സഹായിക്കും. ഇന്ത്യയുടെ സ്വപ്നങ്ങൾ തിരിച്ചറിയാനും ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിലൂടെ സാധിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
നിരവധി പേരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് സമിതി റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ ഇടപെടുന്നവരും വിദഗ്ദ്ധരും ഗവേഷകരുമടക്കമുള്ളവരുമായി ചേർന്നാണ് ഇത് തയാറാക്കിയിട്ടുള്ളത്. 191 ദിവസത്തെ അദ്ധ്വാനം വേണ്ടി വന്നു. 2023 സെപ്റ്റംബർ രണ്ടിനാണ് സമിതിയെ നിയോഗിച്ചത്.
Discussion about this post