തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിങ് ഈ മാസം 15, 16, 17 തീയതികളില്‍ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഈ തീയതികളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം ഇതിനു വേണ്ടി സൗകര്യം ഒരുക്കമെന്നും മന്ത്രി അറിയിച്ചു
രാവിലെ 8 മുതല്‍ വൈകീട്ട് ഏഴുവരെയാണ് ഇ- കെവൈസി മസ്റ്ററിങ് നടക്കുക. റേഷന്‍ കടകള്‍ക്ക് സമീപമുള്ള അംഗന്‍ വാടികള്‍, ഗ്രന്ഥശാലകള്‍, സാസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സ്ഥല സൗകര്യമുള്ള റേഷന്‍കടകളില്‍ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നതാണ്.
എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടതെന്നും അറിയിപ്പിൽ പറയുന്നു. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്.
കിടപ്പു രോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിംങ്ങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരളടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
Discussion about this post