ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽസി കെ കവിതയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണിത്. അന്വേഷണ ഏജൻസി സംഘം ഹൈദരാബാദിലെ വസതിയിൽ പരിശോധന നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് കവിതയെ കസ്റ്റഡിയിലെടുത്തത്.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കവിത ഈ വർഷം അന്വേഷണ ഏജൻസി നൽകിയ രണ്ട് സമൻസുകളെങ്കിലും ഒഴിവാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കവിതയെ മൂന്ന് തവണ ചോദ്യം ചെയ്യുകയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അന്വേഷണ ഏജൻസി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും കവിത ആരോപിച്ചു. അടുത്തിടെ ഡൽഹി ആസ്ഥാനത്ത് സിബിഐ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ കവിത സിബിഐയോട് നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.
Discussion about this post