ന്യൂ ഡൽഹി: ഇന്ത്യയിൽ പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ ഗായിക മേരി മിൽബൻ. പ്രധാനമന്ത്രിയുടേത് ‘അനുകമ്പയുള്ള നേതൃത്വം’ എന്നാണ് ഗായികയുടെ വാഴ്ത്ത്. ‘ക്രിസ്ത്യാനികൾക്കും, സിഖുകാർക്കും, ഹിന്ദുക്കൾക്കും ജൈനൻമാർക്കും ബുദ്ധന്മാർക്കും മത സ്വാതന്ത്ര്യത്തിലേക്കുള്ള സമാധാനപരമായ പാതയാണ് മോദി തുറക്കുന്നത്. ഇത് ജനാധിപത്യത്തിൻറെ യഥാർത്ഥ പ്രവർത്തനം’. മേരി മിൽബൻ പറയുന്നത് ഇങ്ങനെ.
2023-ൽ മോദി യുഎസിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ കാൽ തൊട്ട് വണങ്ങിയതിലൂടെ വൈറലായ ഗായികയാണ് മിൽബൻ. മൂന്നാം തവണയും മോദി അധികാരത്തിലേറുകയാണെങ്കിൽ യുഎസിന് വീണ്ടും മികച്ച ഒരു ജനാധിപത്യ പങ്കാളിയെ ലഭിക്കുമെന്നാണ് ഗായിക പറയുന്നത്. എക്സിലൂടെയാണ് ഗായിക അഭിപ്രായം പങ്കുവച്ചത്.
യുഎസ് വക്താവ് മാത്യു മില്ലർ ഇന്ന് ഇന്ത്യയിൽ സിഎഎ നടപ്പാക്കുന്നതിലെ ആശങ്ക പങ്കുവച്ച് രംഗത്തെത്തിയിരുന്നു. ‘എങ്ങനെയാണ് ഈ നിയമം ഭേദഗതി ചെയ്യുന്നതെന്ന് ഞങ്ങൾ നിരീക്ഷിക്കുകയാണ്’. മതസ്വാതന്ത്ര്യത്തോടുള്ള ആദരവും നിയമപ്രകാരം എല്ലാ സമുദായങ്ങൾക്കും തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളും ഉൾക്കൊണ്ടാകണം ഭേദഗതി എന്നാണ് മാത്യു മില്ലർ പറഞ്ഞത്.
Discussion about this post