ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാകും. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്രിവാൾ ഹാജരാകാത്തതിനെ തുടർന്നാണ് ഇ.ഡി കോടതിയെ സമീപിച്ചത്.
സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡൽഹി സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്. കവിതയുടെ അറസ്റ്റിനു സമാനമായ നടപടിയിലേക്ക് ഇ.ഡി നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.
അതേ സമയം ,കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയെ ഇ.ഡി ഇന്ന് ചോദ്യംചെയ്തേക്കും.കവിത റാവു പ്രമോട്ടറായ സൗത്ത് ഗ്രൂപ്പെന്ന കമ്പനി ഡൽഹി സർക്കാരിന്റെ മദ്യനയം അബ്കാരികൾക്ക് അനുകൂലമാക്കുന്നതിനായി ആം ആദ്മി പാർട്ടി നേതാക്കന്മാർക്ക് 100 കോടി രൂപ നൽകിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് നടന്നത്.
Discussion about this post