കൊച്ചി: കൈയ്യില്‍നിന്ന് തട്ടിമാറ്റപ്പെട്ട സര്‍ക്കാര്‍ ജോലി ആറുവര്‍ഷം ശേഷം നേടിയെടുത്ത് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്‍. കടമക്കുടി പഞ്ചായത്തില്‍ എല്‍ഡി ക്ലാര്‍ക്കായി നിഷ ജോലിയില്‍ പ്രവേശിച്ചു. ഉദ്യോഗസ്ഥര്‍ പറഞ്ഞ നാലു സെക്കന്‍ഡിന്റെ സാങ്കേതിക തടസമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിഷയ്ക്ക് മുന്നില്‍ കിട്ടിയ സര്‍ക്കാര്‍ ജോലി നഷ്ടമാക്കിയത്.
2015-ല്‍ എറണാകുളം ജില്ലയിലേക്കുള്ള എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ 696-ാം റാങ്കുകാരിയായിരുന്നു നിഷ ബാലകൃഷ്ണന്‍. 2018-ല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നു ദിവസംമാത്രം ബാക്കിനില്‍ക്കേ കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലെ തനിക്ക് അര്‍ഹതപ്പെട്ട ഒഴിവ് നഗരകാര്യ ഡയറക്ടറേറ്റിലേക്ക് നിഷ റിപ്പോര്‍ട്ട് ചെയ്യിച്ചു. കൂടാതെ 31-ന് വൈകുന്നേരത്തിനു മുന്‍പെങ്കിലും ഒഴിവ് പി എസ് സിയെ അറിയിക്കാന്‍ നഗരകാര്യ ഡയറക്ടറേറ്റ് ഓഫീസിലെത്തി പല തവണ അഭ്യര്‍ഥിക്കുകയും ചെയ്തു.
എന്നാല്‍, ഉദ്യോഗസ്ഥന്‍ ജില്ലാ പി എസ് സി. ഓഫീസര്‍ക്ക് മെയിലയക്കുന്നത് 31-ന് അര്‍ധരാത്രി 12-നാണ്. നാലു സെക്കന്‍ഡുകള്‍കൂടി കഴിഞ്ഞാണ് മെയില്‍ പിഎസ് സി ഓഫീസില്‍ കിട്ടിയതെന്നു ചൂണ്ടിക്കാട്ടി നിഷയ്ക്ക് ജോലി നിഷേധിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം തട്ടിത്തെറിച്ചപ്പോള്‍ പിന്നീടിങ്ങോട്ട് നിഷ നിയമപോരാട്ടത്തിനിറങ്ങി. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഹര്‍ജി തള്ളി. തുടന്ന് നിഷ ഹൈക്കോടതിയെ സമീപിച്ചു.
നിഷയ്ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി നിര്‍ദേശിക്കുകയും നിഷയെ തദ്ദേശവകുപ്പില്‍ എല്‍ഡി ക്ലാര്‍ക്കായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയുമായിരുന്നു.
Discussion about this post