കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ബിഡിജെഎസിന്‍റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാണ് നടത്തിയത്. പ്രതീക്ഷിച്ചതുപോലെ കോട്ടയത്ത് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥൻ ആണ് സ്ഥാനാര്‍ത്ഥി. ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കോട്ടയത്ത് ജയിക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് പതിനെട്ടാം തീയതിയും ഇടുക്കിയില്‍ ഇരുപതാം തീയതിയും കണ്‍വെന്‍ഷന്‍ നടക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും തുഷാര്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചിരുന്നു. ഇത്തവണ വയനാട് സീറ്റ് ബിജെപിക്കു വിട്ടുനൽകിയാണു കോട്ടയത്ത് മത്സരിക്കുന്നത്. അഡ്വ. സംഗീത നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ സംഗീത 9,286 വോട്ട് നേടിയിരുന്നു.
ഇടുക്കി സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിവരം. ചാലക്കുടിയില്‍ കെഎ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍.
Discussion about this post