കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകമെന്ന് നിഗമനം. ശരീരത്തില്‍ മുറിപ്പാടുകളും ചതവും ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് മോഷണ ശ്രമത്തിനിടയില്‍ നടന്ന കൊലപാതകമാണോ എന്ന സംശയത്തിലേക്ക് പോലീസ് എത്തുന്നത്. സംഭവ സമയത്ത് പ്രദേശത്തെത്തിയ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്നാണ് നീക്കം.
ശരീരത്തില്‍ നിന്ന് സ്വര്‍ണമാല, മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. കമ്മല്‍ മാത്രമാണ് ലഭിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണെന്നാണ് ലഭിച്ച സൂചന. തോട്ടില്‍ ഒരാള്‍ സാധാരണഗതിയില്‍ മുങ്ങിമരിക്കാനുള്ള വെള്ളവും ഉണ്ടായിരുന്നില്ലയെന്നതും മോഷണശ്രമത്തിനിടെ വീണതാണോ എന്ന സംശയം ബലപ്പെടുത്തുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നൊച്ചാട് സ്വദേശി അനുവിനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരിങ്ങണ്ണൂരില്‍ നിന്ന് വാഹനത്തില്‍ എത്തുന്ന ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനായി മുളിയങ്ങലിലേക്ക് കാല്‍നടയായി പോയതാണ് അനു. ശേഷം പുല്ലരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. നടന്നുപോകുന്നയാള്‍ തോട്ടിലേക്ക് വീഴാനുള്ള സാധ്യതയും കുറവാണ്. ഇതിനാൽ തന്നെ മോഷണശ്രമത്തിനിടെ വീണതാണോ എന്ന സംശയമാണ് പോലീസിനുള്ളത്.
ഒരു ബൈക്കിന്റെ പിന്നില്‍ അനു യാത്ര ചെയ്യുന്നത് കണ്ടുവെന്ന് നാട്ടുകാരി പോലീസിന് മൊഴിനല്‍കിയതോടെയാണ് ബൈക്കുകാരനെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നത്. സംഭവ സമയത്ത് പ്രദേശത്ത് എത്തിയ ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ബൈക്കുമായി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദേശവും നൽകിയിട്ടുണ്ട്. കൂടാതെ അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഇവ വില്‍ക്കാന്‍ എത്തിക്കുകയാണെങ്കില്‍ വിവരം പൊലീസിന് കൈമാറണമെന്ന് നിര്‍ദേശം.
Discussion about this post