തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ ചോദ്യങ്ങള്‍ക്കെല്ലാം അക്കമിട്ട് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് പ്രതികരിച്ചില്ലെന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും വ്യാഖ്യാനം മാത്രമാണെന്ന് അദ്ദേഹം തുറന്നടിച്ചു. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് പിണറായി വിജയന്‍ നട്ടാല്‍കുരുക്കാത്ത നുണ പറയുന്നത് അപമാനകരമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
പരാജയഭീതിയിലായ സി.പി.എമ്മിന്റെ രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇത്തരമൊരു ചോദ്യത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എഐസിസി മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷ് സിഎഎ വിഷയത്തിലുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ടെന്നും ജയ്‌റാം രമേഷ് എക്സില്‍ നടത്തിയ പ്രതികരണത്തെ ഉദ്ധരിച്ച് മാര്‍ച്ച് 11, 12 തീയതികളില്‍ വിവിധ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് സിഎഎ കൊണ്ടു വന്നതെന്നും ഇത് ഇലക്ഷന്‍ സ്റ്റണ്ടാണെന്നും ജയ്‌റാം രമേഷ് പറഞ്ഞത് മുഖ്യമന്ത്രി കേട്ടില്ലേയെന്നും സതീശൻ ചോദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിൽ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രതികരിക്കാത്തതെന്തുകൊണ്ട്? എഐസിസി പ്രസിഡന്റ് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയതെന്തിന്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചിരുന്നത്. പാര്‍ട്ടി സെക്രട്ടറിയോ ബിജെപിക്ക് വേണ്ടി നാവ് വാടകയ്ക്ക് നല്‍കിയിരിക്കുന്ന സിപിഐഎം കണ്‍വീനറോ ഇത്തരമൊരു ചോദ്യം ചോദിച്ചാല്‍ തങ്ങൾ അത്ഭുതപ്പെടില്ലായിരുന്നുവെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
Discussion about this post