പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നാളെ പാലക്കാട് നടക്കും. മോദി ഗ്യാരണ്ടി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് റോഡ് ഷോയുടെ ലക്ഷ്യം. പാലക്കാട് അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റോഫീസ് പരിസരം വരെയാണ് റോഡ് ഷോ. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് പാലക്കാട് നഗരം.
പ്രചരണത്തിനായി പ്രധാനമന്ത്രി തന്നെ കളത്തിലിറങ്ങുന്നതോടെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് സ്വരൂപിച്ച് സ്വന്തമാക്കാമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. നാളെ രാവിലെ 10.15ന് മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് പ്രധാനമന്ത്രി വന്നിറങ്ങുക.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നിലവിൽ വൻ സുരക്ഷാ സന്നാഹമാണ് നഗരത്തിൽ ഒരുക്കിയിട്ടുള്ളത്. റോഡ് ഷോ കടന്നുപോകുന്ന ഇടങ്ങളിലെല്ലാം ഇതിനോടകം ബാരിക്കേഡുകൾ സ്ഥാപിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന പാതയിലെ ടാറിംഗ് പ്രവർത്തിയും മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തിയും പൂർത്തിയായി.
പ്രചാരണത്തിന് പ്രധാനമന്ത്രി എത്തുന്നതോടെ മണ്ഡലത്തിലെ എൻഡിഎയുടെ വിജയസാധ്യത വർദ്ധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നിലവിൽ പാലക്കാട്, മലമ്പുഴ, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ ബിജെപിക്ക് വലിയ സ്വാധീനമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം ഇത് കൂടി പ്രയോജനപ്പെടുത്താനായാൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകൾ എൻഡിഎ സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാർ നേടുമെന്നാണ് വിശ്വാസം.
Discussion about this post