ഡൽഹി: രാഹുല്‍ ഗാന്ധിയുടെ ‘ശക്തി’ പ്രയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധി ശക്തി ദേവതയെ അപമാനിച്ചുവെന്നും പ്രതിപക്ഷം ശക്തിയെ നശിപ്പിക്കാനാണ് ഒന്നിച്ചതെന്നും മോദി പറഞ്ഞു. ജൂൺ നാലിന് ‘ശക്തി’ വിജയിക്കുമെന്നും മോദി തുറന്നടിച്ചു. തെലങ്കാനയിലെ ജഗ്തിയാലിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തിയില്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നയാളാണ് താനെന്നും, ‘ശക്തി’ക്ക് വേണ്ടി ജീവൻ വെടിയാനും തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ സ്ത്രീയും അമ്മയും പെങ്ങളും ‘ശക്തി’യാണ്, അവരെ എതിർക്കലാണ് ‘ഇന്ത്യ’ സഖ്യത്തിന്‍റെ ലക്ഷ്യമെങ്കിൽ അതിനെതിരെ പോരാടാൻ താൻ തയ്യാറെന്നും മോദി കൂട്ടിച്ചേർത്തു.
ഇവിഎമ്മുകൾ ഇല്ലാതെ പ്രധാനമന്ത്രി മോദിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. ഹിന്ദുമതത്തിൽ ശക്തി എന്നൊരു വാക്കുണ്ട്. ഞങ്ങളും ഒരു ശക്തിക്കെതിരെയാണ് പോരാടുന്നത്. ഇവിടെ രാജാവിന്റെ ആത്മാവിരിക്കുന്നത് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലാണ്. ഇവിഎമ്മിലും രാജ്യത്തെ അന്വേഷണ ഏജൻസികളായ ഇ.ഡിയിലും ആദായനികുതി വകുപ്പിലും സിബിഐയിലുമാണ് രാജാവിന്റെ ആത്മാവിരിക്കുന്നത് എന്നും രാഹുൽ കുറ്റപ്പെടുത്തി. ഇതിനുള്ള മറുപടിയാണ് മോദി ഇന്ന് തെലങ്കാനയില്‍ നല്‍കിയിരിക്കുന്നത്.
Discussion about this post