കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബിനെ തൂക്കികൊല്ലണമെന്ന് നേരത്തെ ഇയാളുടെ ക്രൂരതയ്ക്ക് ഇരായായ വയോധിക. താന്‍ നേരിട്ടത് ക്രൂരമായി പീഡനമായിരുന്നുവെന്നും മൂജീബിന്റെ ബലാത്സംഗത്തിന് ഇരയായ വയോധിക പറഞ്ഞു. മുജീബിനെ അന്ന് കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേർത്തു.
2022ലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടാവുന്നത്. പണിക്ക് പോകുന്നതിനിടെ, ഒരു ഓട്ടോ വരുന്നത് കണ്ട് അതിന് കൈകാണിച്ചു. ഓമശേരിക്കാണോ എന്ന് ചോദിച്ചപ്പോള്‍ അതേ എന്ന് മൂജീബ് മറുപടി നൽകി. പിന്നാലെ ഓട്ടോയില്‍ കെട്ടിയിട്ട ശേഷം മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയുകയായിരുന്നുവെന്നും. ശേഷം മുജീബ് ആഭരണങ്ങളുമായി കടന്നുകളഞ്ഞുവെന്ന് വയോധിക പറഞ്ഞു. കേസില്‍ ഇപ്പോഴും കോടതി നടപടികള്‍ തുടരുകയാണ്. ഇനിയെങ്കിലും മുജീബിന് തക്കതായ ശിക്ഷ നല്‍കിയില്ലെങ്കിൽ ഇനിയും ഇതാവർത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു.
വിവിധ സ്‌റ്റേഷനുകളിലായി അന്‍പതിലേറെ കേസുകള്‍ മുജീബ് റഹ്മാനെതിരെയുണ്ടെന്ന് പൊലീസ് പറയുന്നു. കൊണ്ടോട്ടി സ്‌റ്റേഷനില്‍ മാത്രം 13 കേസുകളുണ്ട്. മലപ്പുറം ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായിട്ടാണ് മറ്റ് 44 കേസുകള്‍. അഞ്ചുമാസം മുന്‍പ് കിഴിശ്ശേരിയിലെ ആക്രിക്കടയിലെ മോഷണത്തില്‍ അറസ്റ്റിലായ മുജീബ് റഹ്മാന്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഉള്‍പ്രദേശങ്ങളിലൂടെ വാഹനങ്ങളില്‍ കറങ്ങി പിടിച്ചു പറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിന്റെ രീതി.
കുറുങ്കുടി മീത്തല്‍ അനുവിനെ കഴിഞ്ഞ ദിലസം മുജീബ് തോട്ടില്‍ മുക്കി കൊലപ്പെടുത്തി ആഭണങ്ങള്‍ കവര്‍ന്നിരുന്നു. കൊലപാതകത്തിന് മുമ്പായി മുജീബ് റഹ്മാന്‍ പലതവണ പ്രദേശത്ത് കറങ്ങി നടന്നിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. യുവതിയെ ബൈക്കില്‍ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങള്‍ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്. സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത് എത്തിയപ്പോള്‍ മുജീബ് റഹ്മാന്‍ മൊബൈല്‍ ഫോണ്‍ ഓണാക്കിയതുമാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്.
Discussion about this post