തിരുവന്തപുരം: മുഴുവൻ സിഎഎ കേസുകളും പിൻവലിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ. ശബരിമല പ്രക്ഷോഭ കേസുകൾ ആറുവർഷമായിട്ടും പിൻവലിക്കാത്ത സർക്കാരാണ് സിഎഎ കേസുകൾ പിൻവലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടനീതിയാണ് പിണറായി വിജയൻ സർക്കാരിന്റെ പ്രത്യേകതയെന്നതിന് അടിവരയിടുന്നതാണ് പുതിയ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്ബി പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
അയൽരാജ്യങ്ങളിൽ നിന്നും മതപരമായ വിവേചനം നേരിട്ട് ആട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെതിരെ നടന്ന കലാപമാണ് സിഎഎ പ്രക്ഷോഭമെന്നും. രാജ്യത്തിന്റെ പലഭാഗത്തും അത് കലാപമാവുകയും നിരവധിപേരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം സ്വന്തം വിശ്വാസം സംരക്ഷിക്കാൻ സമാധാനപരമായി നാമജപം നടത്തിയ വിശ്വാസികൾക്കെതിരെയാണ് ശബരിമല പ്രക്ഷോഭമെന്ന പേരിൽ കേസ് എടുത്തിരിക്കുന്നത്. എന്നാൽ അയ്യപ്പവിശ്വാസികൾക്കെതിരെ എടുത്ത കേസ് ഒഴിവാക്കാതിരിക്കുകയും സിഎഎ സമരക്കാരുടെ കേസുകൾ എഴുതിതള്ളുകയും ചെയ്യുന്നത് ഇടത് സർക്കാരിന്റെ വർഗീയപ്രീണനമാണെന്ന് സുരേന്ദ്രൻ തുറന്നടിച്ചു.
ഇതിന് കൂട്ടുനിൽക്കുകയാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ചെയ്യുന്നത്. ശബരിമല വിശ്വാസികൾക്കൊപ്പമാണെന്ന് പറയുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് സിഎഎ കേസുകൾക്കൊപ്പം ശബരിമല കേസുകളും പിൻവലിക്കണം എന്ന് പറയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. അല്ലെങ്കിലും ഹിന്ദുധർമ്മത്തിലെ ശക്തിയെ നശിപ്പിക്കണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ അനുയായികളിൽ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post