തിരുവനന്തപുരം: കരിങ്കല്ലുമായി വന്ന ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. ബിഡിഎസ് വിദ്യാർഥിയായ അനന്തുവാണ് മരിച്ചത്. മുക്കോല ജങ്ഷന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂട്ടറിൽ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ചു മറിഞ്ഞു. സംഭവത്തിൽ അനന്തുവിന് ഗുരുതരമായ പരിക്കേറ്റിരുന്നു. തുടന്ന് അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമിതമായി ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റും

