രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026ൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റൈസിംഗ് ഭാരത് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയിൽ കേന്ദ്രം പ്രവർത്തിക്കുകയാണെന്നും, ഇത് 2026-ൽ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘റെയിൽവേ വിപുലമായ ആസൂത്രണം നടത്തി വരികയാണ്. അതിന് എല്ലാ തലങ്ങളിലും കഠിനാധ്വാനവും തുറന്ന ആശയവിനിമയവും വേണം. മറ്റ് രാജ്യങ്ങളിൽ 1980കളിൽ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ നിലവിൽ വന്നു. എന്നാൽ അന്ന് ഇന്ത്യ ഭരിച്ചിരുന്ന സർക്കാർ അതൊന്നും രാജ്യത്ത് നടപ്പാക്കിയില്ല. 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് രാജ്യത്ത് ആദ്യമായി ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ കൊണ്ടുവന്നത്’ അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഡൽഹി-വാരണാസി (813 കി.മീ), ഡൽഹി-അഹമ്മദാബാദ് (878 കി.മീ), മുംബൈ-നാഗ്പൂർ (765 കി.മീ), മുംബൈ-ഹൈദരാബാദ് (671 കി.മീ), ചെന്നൈ- ബെംഗളൂരു-മൈസൂർ (435 കിലോമീറ്റർ), ഡൽഹി-ചണ്ഡീഗഢ്-അമൃത്സർ (459 കിലോമീറ്റർ), വാരണാസി-ഹൗറ (760 കിലോമീറ്റർ) എന്നിങ്ങനെ ഏഴ് ഇടനാഴികൾ നിലവിൽ പരിഗണനയിലുണ്ടെന്ന് 2022ൽ കേന്ദ്രം പാർലമെൻ്റിനെ അറിയിച്ചിരുന്നു.
Discussion about this post