ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ആലുവക്കാർക്ക് കേന്ദ്ര സമ്മാനമായി ആധുനിക മാർക്കറ്റ് കോംപ്ലക്‌സ് ‘ആലുവ അങ്ങാടി’ യാഥാർഥ്യമാകും. പുതിയ മാർക്കറ്റ് നിർമിക്കാൻ ആലുവ മുനിസിപ്പാലിറ്റി അധികൃതർക്ക് കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിച്ചു. ആലുവ അങ്ങാടി എന്ന് പേരിട്ടിരിക്കുന്ന ഈ മാർക്കറ്റ് 50 കോടി രൂപ ചെലവിൽ കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നിർമ്മിക്കും ഫണ്ടിൻ്റെ 60% ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജനയിൽ നിന്ന് കേന്ദ്ര സർക്കാർ നൽകും. ബാക്കി 40% സംസ്ഥാന സർക്കാരും വഹിക്കുമെന്നാണ് ധാരണ . കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് സംസ്ഥാന സർക്കാരിനായി ഫണ്ട് അനുവദിക്കും.
ഒരു പതിറ്റാണ്ടിലേറെയായി ശോച്യാവസ്ഥയിലായ മാർക്കറ്റിന്റെ നവീകരണത്തിന് സംസ്ഥാന സർക്കാർ നേരത്തേ തത്വത്തിൽ അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നടന്ന കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ്റെ (KSCADC) യോഗത്തിലാണ് ഇതിന് അനുമതി ലഭിച്ചത്.
ആലുവ മുനിസിപ്പാലിറ്റി കെഎസ്‌സിഎഡിസിയുടെ സാങ്കേതിക സഹായത്തോടെ ‘എൻ്റെ ആലുവ അങ്ങാടി’ എന്ന പേരിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി, അത് പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരം ധനസഹായത്തിനായി കേന്ദ്രത്തിന് കൈമാറിയിരുന്നു
1.8 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർദിഷ്ട മാർക്കറ്റ് സമുച്ചയം. ഇതിന് നാല് നിലകളുണ്ടാകും. കെട്ടിടത്തിൽ ഒരു സൂപ്പർമാർക്കറ്റ്, 88 കടകൾ, ഒരു റെസ്റ്റോറൻ്റ് എന്നിവ ഉണ്ടായിരിക്കും. കോൾഡ് സ്റ്റോറേജ് സൗകര്യവും, കാർ പാർക്കിംഗ് സംവിധാനവും ഇതിലുണ്ടാകും.
കോഴിക്കോട് ആസ്ഥാനമായുള്ള നിർമ്മാണ സ്ഥാപനമായ സ്ഥപതിക്ക് പുതിയ മാർക്കറ്റ് നിർമ്മിക്കാനുള്ള കരാർ നൽകിയിട്ടുണ്ട്, വരും ആഴ്ചകളിൽ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആലുവ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ എം ഒ ജോൺ പറഞ്ഞു.
മൊത്തം പ്രോജക്ട് എസ്റ്റിമേറ്റിൽ വർധനവുണ്ടായാൽ 5 കോടി രൂപ നൽകാൻ നഗരസഭ തയ്യാറാണെന്നും, രാജ്യത്തെ ഏറ്റവും നൂതന സൗകര്യങ്ങളുള്ള ഒരു വിപണി ഇവിടെ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2014ൽ ആലുവയിൽ നവീകരിച്ച മാർക്കറ്റ് നിർമിക്കുന്നതിനായി മുൻ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. പിന്നീട് 9 കോടി രൂപ അനുവദിച്ച് നവീകരിച്ച മാർക്കറ്റ് നിർമിക്കുന്നതിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടു. എന്നാൽ, നിർമാണം നടന്നില്ല. ഇതേ തുടർന്നാണ് കേന്ദ്ര ധനസഹായത്തോടെ ആധുനിക മാർക്കറ്റ് കോംപ്ലക്‌സ് നിർമിക്കാൻ ശ്രമങ്ങൾ ആരംഭിച്ചത്.

