ലോക്സഭാ തെരഞ്ഞെടുപ്പ്: ബംഗാളിൽ സിപിഐഎം-കോൺഗ്രസ് ധാരണ
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ സിപിഐഎം-കോൺഗ്രസ് സീറ്റ് ധാരണ. പത്ത് സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിക്കാം എന്നായിരുന്നു ഇടതുപാര്‍ട്ടികള്‍ തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ 12 സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ ധാരണയെത്തിയെന്നാണ് വിവരം. ഇടതുപക്ഷ പാർട്ടികൾ 24 സീറ്റുകളിലും, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് ആറ് സീറ്റിലുമാകും മത്സരിക്കുക.
ഒരാഴ്ചത്തെ ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസ് ഇടതുമുന്നണിയുമായും ഇന്ത്യൻ സെക്കുലർ മുന്നണിയുമായും ലോക്സഭാ സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയിരിക്കുന്നത്. മുർഷിദാബാദ് സീറ്റ് സിപിഐഎമ്മിന് വിട്ടുനൽകാൻ കോൺഗ്രസ് തീരുമാനിച്ചു. പകരമായി കോൺഗ്രസിന് പുരുലിയ, റാണിഗഞ്ച് സീറ്റുകൾ നൽകും.
പുരുലിയ സീറ്റ് ഫോര്‍വേഡ് ബ്ലോക്കില്‍ നിന്നും കോണ്‍ഗ്രസിന് നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം നില്‍ക്കുന്നുണ്ട്. നിലവില്‍ ബിജെപിയുടെ സീറ്റായ പുരുലിയയില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് നാലാം സ്ഥാനത്താണ്. 2019 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നേപ്പാള്‍ മെഹതോയെ ഇത്തവണയും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. സിപിഐഎം പിന്തുണയ്ക്കും. അതേസമയം തൃണമൂൽ കോൺഗ്രസ് 42 ലോക്സഭാ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു
Discussion about this post