ഹൈദരാബാദ്: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിൽ എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവികയാണ് നല്‍ഗോണ്ട റെയില്‍വേ പോലീസിന്റെ പിടിയിലായത്. വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയ യുവതിയേക്കുറിച്ച് പ്രതിശ്രുതവരന് തോന്നിയ സംശയമാണ് ആള്‍മാറാട്ടം പുറത്തറിയാന്‍ കാരണമായത്. കഴിഞ്ഞ ഒരു വർഷമായി മാളവിക റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ ആൾമാറാട്ടം നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
2018-ല്‍ മാളവിക ആര്‍.പി.എഫിലേക്കുള്ള എസ്.ഐ. റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തിരുന്നു. എന്നാൽ എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് എസ്.ഐ.യായി തിരഞ്ഞെടുക്കപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ആള്‍മാറാട്ടം തുടങ്ങിയത്. ശേഷം ഇവർ സ്ഥിരം നൽഗൊണ്ടയിൽ നിന്ന് സെക്കന്തരാബാദിലേക്ക് പാണഡു എക്സ്പ്രസിൽ യാത്ര ചെയ്യുകയും യഥാർത്ഥ റെയിൽവേ പോലീസ് ഇൻസ്പെക്ടറായി സ്വയം യാത്രക്കാർക്ക് മുന്നിൽ അവതരിപ്പിച്ച് കബളിപ്പിച്ചതായും പോലീസ് പറഞ്ഞു.
കാക്കിയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം എവിടെ പോകുമ്പോഴും യൂണിഫോം ധരിക്കുന്നത് യുവതിയുടെ പതിവായിരുന്നു. മാളവിക തന്റെ വിവാഹനിശ്ചയ ചടങ്ങിലും യൂണിഫോം ധരിച്ചാണ് എത്തിയത്. എന്നാൽ ചടങ്ങില്‍ കാക്കി ധരിച്ചെത്തിയ പ്രതിശ്രുത വധുവിനെ കണ്ട് പ്രതിശ്രുത വരന് ചില സംശയങ്ങള്‍ തോന്നി. പിന്നാലെ, ഐ.ടി. ഉദ്യോഗസ്ഥനായ ഇയാൾ മാളവികയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാളവിക എസ്.ഐ. അല്ലെന്ന് കണ്ടെത്തുകയും വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ പോലീസ് സംഘം യുവതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സാമൂഹികമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന വ്യക്തിയാണ് മാളവിക. നല്‍ഗോണ്ടയില്‍ ഒരു സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച വനിതാദിന പരിപാടിയില്‍ മുഖ്യാതിഥിയായും ഇവര്‍ പങ്കെടുത്തിരുന്നു.
Discussion about this post