ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. ഗവർണർ പദവി ഇല്ലാതാക്കും, നീറ്റ് പരീക്ഷ നിരോധിക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ പറയുന്നത്. പ്രകടനപത്രികയ്ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.
പൗരത്വ ഭേദഗതി നിയമവും ഏകീകൃത സിവിൽ കോഡും സംസ്ഥാനത്ത് നടപ്പാക്കില്ല, ഗവർണർക്ക് ക്രിമിനൽ നിയമ നടപടികളിൽ നിന്ന് ഇളവ് നൽകുന്ന ആർട്ടിക്കിൾ 361 ഭേദഗതി ചെയ്യും, രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സഹായം, 500 രൂപയ്‌ക്ക് പാചകവാതകം, 75 രൂപയ്‌ക്ക് പെട്രോൾ, 65 രൂപയ്‌ക്ക് ഡീസൽ, ശ്രീലങ്കൻ തമിഴർക്ക് ഇന്ത്യൻ പൗരത്വം, സുപ്രീം കോടതി ബഞ്ച് തമിഴ് നാട്ടിൽ, ദേശീയപാതയിലെ ടോൾ ഗേറ്റുകൾ നീക്കും, രാജ്യത്തെ മുഴുവൻ വിദ്യഭ്യാസ വായ്പകളും എഴുതിത്തള്ളും തുടങ്ങിയവയാണ് പ്രകടന പത്രികയിൽ പറയുന്ന മറ്റ് വാഗ്ദാനങ്ങൾ.
ജനങ്ങളുടെ പ്രകടന പത്രികയാണ് ഡിഎംകെ പുറത്തിറക്കിയതെന്നാണ് സ്റ്റാലിന്റെ വാദം. തെരഞ്ഞെടുപ്പിന് മുൻപ് പ്രകടന പത്രിക തയ്യാറാക്കി അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ ദ്രാവിഡ മോഡൽ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി ഒട്ടനവധി നല്ല കാര്യങ്ങളാണ് ചെയ്തത്. നമ്മുടെ ദ്രാവിഡ മാതൃക ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പ് പ്രകടനപത്രിക നമ്മെ സഹായിക്കുമെന്ന് കനിമൊഴി പറഞ്ഞു. തമിഴ്‌നാട്ടിൽ 39 സീറ്റുകൾ മാത്രമല്ല, രാജ്യത്തുടനീളം നല്ലൊരു ശതമാനം സീറ്റും ഇന്ത്യാ മുന്നണി നേടുമെന്ന് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post